Kerala
കണ്ണൂർ: വിദ്യാർഥികളോടുള്ള മുൻ മന്ത്രി കെ.ടി. ജലീലിന്റെ നിലപാട് കാലഘട്ടത്തിനു നിരക്കാത്തതെന്നു മന്ത്രി എ.പി. അനിൽകുമാർ. മുന്പൊക്കെ കുട്ടികളെ അടിച്ചുവളർത്തണം എന്നാണ് പറയുക. പക്ഷേ, ഇന്ന് അങ്ങനെയല്ല. മാനസികമായി തളർത്താൻ അതു കാരണമാകും.
പൊതുവേദിയിൽ വിദ്യാർഥികളുടെ ഇടയിൽനിന്ന് ഒരു കുട്ടിയെ വിളിച്ചുവരുത്തി ശിക്ഷിച്ചതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി അനിൽകുമാർ.
അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതി പിന്തുടരുകയാണ് അധ്യാപകൻ കൂടിയായിരുന്ന കെ.ടി. ജലീൽ. സദുദ്ദേശ്യത്തോടുകൂടിയാണ് കെ.ടി. ജലീൽ അത് ചെയ്തതെങ്കിൽ പോലും ഇനിയെങ്കിലും തെറ്റാണു ചെയ്തതെന്ന് അംഗീകരിക്കാൻ അദ്ദേഹം തയാറാകണമെന്നും മന്ത്രി പറഞ്ഞു.
Kerala
തലശേരി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽനിന്നും ഉയർന്ന വികാരം മാനിച്ച് വിഷയം ചർച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൂഫാൻ പ്രവർത്തനം കേരളം മുഴുവൻ വ്യാപിപ്പിക്കുമ്പോൾ ലഹരിക്ക് അനുകൂലമെന്നു തോന്നുന്ന ഒരു നിലപാടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. പുകമറയിൽ പ്രതിസന്ധികളെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിപ്പറയാനും മുഖ്യമന്ത്രി എടുത്ത ആർജവം അഭിനന്ദനാർഹമാണ്. മദ്യത്തിനനുകൂലമായ ഒരു നിലപാടും പൊതുസമൂഹം അംഗീകരിക്കില്ലെന്നും ആർച്ച് ബിഷപ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി ഇളവ് നൽകാനുള്ള നീക്കത്തിനെതിരേ സീറോ മലബാർ സഭ നേരത്തെ രംഗത്തെത്തിയിരുന്നു. സര്ക്കാരിന്റെ നീക്കം സംശയാസ്പദമെന്നായിരുന്നു മാര് ജോസഫ് പാംപ്ലാനിയുടെ ആരോപണം.
National
ന്യൂഡൽഹി: വിശുദ്ധവാരത്തിനു പിന്നാലെ ഏപ്രിൽ ഒന്പതിന് വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സമീപനം ദുരൂഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശുദ്ധ വാരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണെന്നും ദുഃഖവെള്ളി പോലുള്ള ദിവസങ്ങളിൽ പ്രത്യേകിച്ചു ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ അന്നേദിവസങ്ങളിൽ തെരഞ്ഞെടുപ്പു പ്രവർത്തനം സാധ്യമല്ലെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
മേയ് നാലിനു മാത്രമാണ് ഫലപ്രഖ്യാപനം എന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
പരസ്യപ്രചാരണത്തിനുള്ള ദിനങ്ങളിൽ വിശുദ്ധവാരം കടന്നുവരുന്നതുകൊണ്ടുതന്നെ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്കുശേഷം സ്ഥാനാർഥികൾക്ക് പൂർണമായിട്ടുള്ള പ്രചാരണത്തിന് കഷ്ടിച്ച് പത്തു ദിവസം പോലും ലഭിക്കില്ല.
കോണ്ഗ്രസ് നിർണായക ശക്തികളായ ആസാം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുകയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും അടിക്കടി നിലപാട് മാറ്റുന്നുവെന്ന് ശബരിമല കർമസമിതി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു വിമർശനം. ഇടയ്ക്കിടെ നിലപാട് മാറ്റുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിമർശിച്ചു.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇരട്ടത്താപ്പിൽ കേന്ദ്രസർക്കാർ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടും മൗനം തുടരുകയാണെന്നും കർമസമിതി ആരോപിച്ചു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ കക്ഷികളിൽനിന്നു സുപ്രീംകോടതി പ്രതികരണം തേടിയിരുന്നു.
National
മുംബൈ: ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും സ്തുതിപാഠകനായി അറിയപ്പെടുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ നിലപാടുമാറ്റം ശ്രദ്ധേയമാകുന്നു.
ഏതാനും ദിവസങ്ങളായി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം ചാനലിലൂടെ പ്രൈംടൈം ചർച്ചയിൽ മോദിയെയും കേന്ദ്രസർക്കാരിനെയും വ്യവസായി ഗൗതം അദാനിയെയുമെല്ലാം വളരെ നിശിതമായാണു അർണബ് വിമർശിക്കുന്നത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം, മധ്യപ്രദേശിൽ ബിജെപി നേതാവിന്റെ മകന്റെ ആഡംബര വിവാഹം, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങളിലാണ് സർക്കാരിനെ അർണോബ് പ്രതിക്കൂട്ടിലാക്കുന്നത്.
ആരവല്ലി മലനിരകള് വന്കിട ബിസിനസുകാര് ലാഭത്തിനുവേണ്ടി തകര്ക്കുകയാണെന്ന് അര്ണാബ് ആരോപിച്ചു. “വലിയ ശതകോടീശ്വരന്മാര്ക്കുവേണ്ടി നിയമങ്ങള് തിരുത്തിക്കൊണ്ടിരിക്കുകയാണ്. അവര് ബുള്ഡോസറുകള് കൊണ്ടുവന്ന് ആരവല്ലി മലനിരകള് ഇടിച്ചുനിരത്തുകയാണ്. കോടികള് ഉണ്ടാക്കാന്വേണ്ടി പ്രകൃതിയെ തകര്ക്കാന് ആരാണ് ഇവര്ക്ക് അനുവാദം നല്കിയത്?’’- അദാനി ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ഒരു ജനതയെ നിത്യരോഗികളാക്കുന്പോൾ കേന്ദ്രസർക്കാർ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “രാജ്യം ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയാണ്? എന്തുകൊണ്ട് അദ്ദേഹം ഇതില് ഇടപെടുന്നില്ല? 30 കോടി ജനങ്ങളുടെ ജീവന് വച്ചാണ് കളിക്കുന്നത്. ഞങ്ങള്ക്കു വേണ്ടത് നേതൃത്വമാണ്, മൗനമല്ല”. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കോവിഡിനെക്കാൾ വലിയ ആരോഗ്യഭീഷണിയാണു സൃഷ്ടിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ആരവല്ലി മലനിരകളെ ഖനനത്തിനായി കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരേ, “നമ്മൾ വിക്സിത് ഭാരത് അല്ല, പാരിസ്ഥിതികമായി തകർന്ന ഭാരതമായി മാറും” എന്നാണ് അദ്ദേഹം റിപ്പബ്ലിക് ടിവിയിലൂടെ തുറന്നടിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെ മറയാക്കി സർക്കാർ കോർപറേറ്റുകളെ സഹായിക്കുകയാണെന്നും ശതകോടീശ്വരന്മാർക്ക് ലാഭമുണ്ടാക്കാൻ 200 കോടി വർഷം പഴക്കമുള്ള മലനിരകൾ തകർക്കുന്നത് ജനാധിപത്യമല്ലെന്നും അർണബ് ഓർമിപ്പിക്കുന്നു.
വിമർശനം പരിസ്ഥിതി വിഷയങ്ങളിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതു ശ്രദ്ധേയമാണ്. മധ്യപ്രദേശിലെ ബിജെപി എംഎൽഎ മകന്റെ വിവാഹത്തിന് കോടികളുടെ ധൂർത്ത് നടത്തിയപ്പോൾ അതേ സംസ്ഥാനത്തു ഗർഭിണികൾ ചികിത്സ കിട്ടാതെ മരിക്കുന്നതും കുട്ടികൾക്ക് ചികിത്സാപ്പിഴവിലൂടെ എച്ച്ഐവി ബാധിക്കുന്നതും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ ധാർഷ്ട്യത്തെയും അർണബ് രൂക്ഷമായി വിമർശിച്ചു.
80 കോടി രൂപയോളം പൊടിച്ച് ഇൻഡോറിൽനിന്നുള്ള ബിജെപി എംഎൽഎ ഗൊലു ശുക്ലയുടെ മകന്റെ വിവാഹം നടത്തിയതാണ് അർണബിനെ ചൊടിപ്പിച്ചത്. വിവാഹസത്കാരത്തിലെ വെടിക്കെട്ടിനു മാത്രം 70 ലക്ഷം ചെലവായെന്നാണു റിപ്പോർട്ട്. കഴിഞ്ഞ 11ന് നടന്ന വിവാഹമാമാങ്കത്തിൽ പ്രമുഖ ബിജെപി നേതാക്കളും വ്യവസായികളുമെല്ലാം പങ്കെടുത്തിരുന്നു.
ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ മോദി സർക്കാർ എന്താണു ചെയ്തതെന്നു ചോദിച്ചതിനൊപ്പം സർക്കാർ ശമ്പളം പറ്റുന്ന മറ്റു മാധ്യമപ്രവർത്തകരെ നിശിതമായി പരിഹസിക്കാനും അർണബ് തുനിഞ്ഞു.
‘വിഷയാധിഷ്ഠിതമായി നോക്കുമ്പോൾ ജനങ്ങളാണു യഥാർഥ പ്രതിപക്ഷം’ എന്ന അർണബിന്റെ വാക്കുകൾ ഭരണകൂടത്തിനുള്ള വലിയൊരു മുന്നറിയിപ്പാണ്.
ഡല്ഹി, ഹരിയാന, രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില് വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട പുതിയ നിര്വചനം വന്തോതിലുള്ള ഖനനത്തിനു വഴിതുറക്കുമെന്ന ആരോപണങ്ങളെത്തുടര്ന്നാണു വിഷയം ചർച്ചയായത്.
ആരവല്ലി മലനിരയിൽപ്പെട്ട ജില്ലകളിലെ സമീപപ്രദേശത്തെ താഴ്ന്ന നിരപ്പില്നിന്ന് 100 മീറ്ററോ അതിലേറെയോ ഉയര്ന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റര് പരിധിയില് വരുന്ന കുന്നുകള് ആരവല്ലി പര്വതനിരകളായും കണക്കാക്കുമെന്നു വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിനു കീഴില് രൂപീകരിച്ച കമ്മിറ്റി ശിപാര്ശ സമർപ്പിക്കുകയും ഈ ശിപാർശകള് സുപ്രീംകോടതി കഴിഞ്ഞ നവംബര് അവസാനം അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അർണോബ് നിശിതവിമർശനവുമായി രംഗത്തുവന്നത്.
Kerala
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്വീനര് അടൂര് പ്രകാശിന്റെ നിലപാടില് അദ്ഭുതപ്പെടാനില്ലെന്ന് എല്ഡിഎഫ് കണ്വീനര് ടി.പി. രാമകൃഷ്ണന്.
രാഹുല് മാങ്കൂട്ടത്തിലിനെ അവസാനംവരെ സംരക്ഷിച്ച പാര്ട്ടിയാണു കോണ്ഗ്രസ്. രാഹുല് മാങ്കൂട്ടത്തിലിനെ രക്ഷിക്കാനും ഒളിവില് പോകാനും കോണ്ഗ്രസ് ഒത്താശ ചെയ്തു. നില്ക്കക്കള്ളി ഇല്ലാതായപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്.
ഇതേ ക്രൂരമുഖമാണ് അതിജീവിതയുടെ കാര്യത്തിലും യുഡിഎഫ് എടുക്കുന്നത്. എല്ഡിഎഫ് എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ വ്യക്തമാക്കി. വിഷയം മുന്നണി പ്രശ്നമോ ചർച്ച നടക്കാത്തതോ അല്ല, മറിച്ച് അതൊരു രാഷ്ട്രീയപ്രശ്നമാണ്. ആർഎസ്എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലപാടിൽ വെള്ളം ചേർത്താൽ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കാതെ നട്ടെല്ല് നിവർത്തി കാര്യങ്ങൾ പറയുന്ന പാർട്ടിയാണ് സിപിഐ. ആർഎസ്എസ് വർഗീയത ഒളിച്ചുകടത്താൻ ശ്രമിച്ചാൽ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലെ കേന്ദ്ര വിവേചനത്തെ നിയമപരമായി നേരിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.ബിജെപി സർക്കാർ കൊണ്ടുവന്ന ഏറ്റവും അപകടകരമായ നയമാണ് ദേശീയ വിദ്യാഭ്യാസ നയം. അത് സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
വർഗീയ നയങ്ങൾ വാർത്തെടുക്കാനുള്ള ആർഎസ്എസ് അജണ്ട ആണെന്നും സിപിഎം മധുര പാർട്ടി കോൺഗ്രസിൽ ഇക്കാര്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.